ഞാൻ ഒരു ന്യായാധിപൻ
(പങ്കജ് ചതുർവ്വേദിയുടെ ഹിന്ദി കവിത)
അന്ന് എന്റെ മുന്നിൽ
വിധി പറയാൻ ഒരു കേസ്സേ ഉണ്ടായിരുന്നുള്ളൂ .
അതൊരു കൊലയാളിയുടേതായിരുന്നു.
മുഖ്യ ന്യായാധിപൻ
നൂറു കോടി രൂപ വാഗ്ദാനം ചെയ്തിട്ട്
ഞാൻ വഴങ്ങിയിരുന്നില്ല.
അപ്പോൾ എന്നെ കൂട്ടുകാർ- സഹ ജഡ്ജിമാർ
ഒരു വിവാഹച്ചടങ്ങിൽ കൂടാനെന്നുപറഞ്ഞ്
ദൂരെ ഒരു പട്ടണത്തിൽ കൊണ്ടാക്കി .
അവിടെ ഞാൻ കണ്ടത് ചങ്ങാതിമാരെയായിരുന്നില്ല
പരിചയമേ ഇല്ലാത്ത കുറേയാളുകൾ.
എന്റെ മിത്രങ്ങൾ അപരിചിതരായത്
ഞാൻ അറിഞ്ഞില്ല.
എന്റെ മരണം ഉറപ്പുവരുത്താൻ
നിയുക്തരായ വെറും അപരിചിതർ ആയി
അപ്പോഴേക്കും അവർ മാറിയിരുന്നു.
എനിക്ക് അസുഖങ്ങൾ ഒന്നും ഇല്ലായിരുന്നു.
പക്ഷെ രേഖകൾ പറയുന്നത് പാതി രാത്രിയിൽ
എനിക്ക് പെരുത്ത ഹൃദയാഘാതം ഉണ്ടായെന്നാണ്.
പരിസരത്തെങ്ങും ഓട്ടോ റിക്ഷകൾ ഇല്ലായിരുന്നു.
എന്നാൽ എന്നെ ഒരാശുപത്രിയിലെത്തിക്കാൻ
അവർക്കു ഒരു ഓട്ടോ റിക്ഷ ലഭിച്ചു.
ഇ സി ജി യന്ത്രം മരിച്ചുപോയിരുന്ന
ഒരു ആശുപത്രിയായിരുന്നു അത്.
മറ്റൊരാശുപത്രിയിലേക്കു എന്നെ കൊണ്ടുപോയ വഴിക്ക്
ഞാൻ മരിച്ചു.
ഒരു ന്യായാധിപനായിരുന്ന എന്നെ
മൃതശരീരമാക്കി കീറിമുറിച്ച ശേഷം
ഒരു ഡ്രൈവറെ ഏൽപ്പിച്ചു അവർ വീട്ടിലെത്തിച്ചു .
അതൊരു കൊലപാതകമായിരുന്നോ
അതോ അപകടമായിരുന്നോ
ആരും അന്വേഷിക്കില്ല.
വർഷങ്ങൾ മൂന്നായി
ഞാൻ പോലും അതെല്ലാം മറന്നു.
അതുകൊണ്ട് നിങ്ങൾ..
..നിങ്ങളും ഇത് മറക്കണം
എന്നാലേ നിങ്ങളുടെ മനസ്സാക്ഷി
രക്ഷപ്പെടൂ!
ഹിന്ദിയിലെ മൂലരചനയിൽ നിന്നും ഇംഗ്ലീഷ് വിവർത്തനം : ആസാദ് സെയ്ദി
ഇംഗ്ലീഷ് - മലയാള ഭാഷാന്തരം : കെ എം വേണുഗോപാലൻ
No comments:
Post a Comment