Pages

Thursday, May 31, 2012

പത്രധര്‍മ്മം : എഴുതാപ്പുറവും കാണാപ്പുറവും

Posted by Venu K.M

The following text is a compilation of a few status messages posted recently  in fb by me:

ലയാളം വാരിക യുടെ പത്രാധിപര്‍ ജയചന്ദ്രന്‍ നായര്‍ പ്രഭാ വര്‍മ്മയുടെ കവിത പ്രസിധീകരിക്കേണ്ടെന്ന് വെച്ചത് സംബന്ധിച്ച് ഉയരുന്ന ആക്ഷേപങ്ങള്‍, ‘ജനാധിപത്യം’ സംബന്ധിച്ച വ്യാജ ചര്‍ച്ചകള്‍:
ഇത് വ്യാജമായ ഒരു വ്യവഹാരം ആകുന്നു..ഒരു പത്രാധിപര്‍ തന്റെ പ്രസിധീകരനത്ത്തിലൂടെ വെളിച്ചം കാണേണ്ടതും വെളിച്ചം കാണേണ്ടതില്ലാത്ത്തതും ഏത് എന്ന് തീരുമാനിക്കുന്ന സാധാരണ തരത്തില്‍ ഉള്ള ഒരു അധികാരവിനിയോഗം മാത്രമാണ് ഇത്; ഒരു വിശദീകരണവും നല്‍കാതെയും അദ്ദേഹത്തിന് ഇത് ചെയ്യാം. ഇവിടെ നല്‍കിയിരിക്കുന്ന വിശദീകരണം, അത് സംബന്ധിച്ച് ഒരു പൊതു ചര്‍ച്ച നടക്കുന്നതിനെപ്പോലും പ്രസ്തുത പത്രാധിപര്‍ സ്വാഗതം ചെയ്യുന്നു എന്നാണ് സൂചിപ്പിക്കുന്നത്. അതില്‍ കൂടുതലോ കുറവോ ആയി ഇതില്‍ ഒന്നും ഇല്ല എന്ന് കരുതുന്നു.
“തര്‍ക്ക മന്ദിരം തകര്‍ക്കപ്പെട്ടു” എന്ന തലവാചകത്തില്‍ വന്ന ഏജന്‍സി വാര്‍ത്ത ജൂനിയര്‍ ന്യൂസ് എഡിറ്റര്‍ അതേ പടി പകര്‍ത്തി വെച്ച ഒരു തലക്കെട്ട്‌, തന്റെ ദുര്‍ബ്ബലമായ വിറയ്ക്കുന്ന കൈകളില്‍ പേന ഏന്തി “ബാബറി മസ്ജിദ് തകര്‍ത്തു”എന്നാക്കി തിരുത്തിയ ചുള്ളിയാറ്റ് എന്ന അനുഭവ സമ്പന്നനും സൂക്ഷ്മ ദൃക്കും ആയ പത്രാധിപന്റെ സര്‍ഗ്ഗാത്മകതയുടെ ഉന്മത്തമായ ഏതാനും നിമിഷങ്ങള്‍ ആണ് എന്‍ എസ് മാധവന്റെ ‘തിരുത്ത്’ എന്ന കഥയില്‍ മറ്റെന്തിനെക്കാളും മികവാര്‍ന്ന് നില്‍ക്കുന്നത്.
ഒരു വിഷയത്തില്‍ കുറേക്കൂടി സൂക്ഷ്മമായ ഒരു തലത്തില്‍ സംവേദന ക്ഷമത പുലര്‍ത്താന്‍ പ്രേരകമായ ഒരു ഇംപാക്റ്റ്‌ , പത്രാധിപന്‍ എന്ന നിലയില്‍ ഒരാള്‍ ഒരു സൃഷ്ടിയെ സ്വീകരിക്കുന്നതിലൂടെയോ തിരസ്കരിക്കുന്നതിലൂടെയോ ചിലപ്പോള്‍ സൃഷ്ടിക്കപ്പെടുന്നു. നമ്മളില്‍ പലരും സ്വാഭാവികമെന്ന മട്ടില്‍ ചോദ്യം ചെയ്യാതെ സ്വീകരിക്കുന്ന ജനാധിപത്യ- പത്ര ധര്‍മ്മ പരിപാലന യുക്തികള്‍ക്ക് അപ്പുറത്ത് ആണ് ആ ഇംപാക്റ്റ്‌.
ഇവിടെ പത്രാധിപന്‍, വാര്‍ത്താ എഡിറ്റര്‍ , സാഹിത്യകാരന്‍ , രാഷ്ട്രീയക്കാരന്‍ , വായനക്കാരന്‍ എന്നിവര്‍ പരസ്പരം സ്വാധീനിക്കപ്പെടുകയും തിരുത്തപ്പെടുകയും ചെയ്യുന്ന ഒരവസ്ഥയില്‍ മാത്രമേ ജനാധിപത്യത്തിന് മുന്നോട്ടു പോകാന്‍ എന്തെങ്കിലും മാര്‍ഗ്ഗം ഉള്ളൂ!..
പ്രണയ കാവ്യം പ്രസിദ്ധീകരിക്കുന്നത് കവിക്ക്‌ പ്രധാനം എന്നതില്‍ അല്ല തര്‍ക്കം. മറ്റൊരിടത്ത് നടത്തിയതെങ്കിലും, കവിയുടെ വിചിത്രവും കൃത്രിമത്വം നിറഞ്ഞതുമായ രാഷ്ട്രീയ എഴുത്തിനോട് സമരസപ്പെടാന്‍ പറ്റാഞ്ഞതിനാല്‍ സ്വന്തം പത്രാധിപത്യത്തില്‍ ഇനിമേല്‍ അയാളുടെ കവിത വെളിച്ചം കാണേണ്ട എന്ന് തീരുമാനിച്ച അധികാര വിനിയോഗം ആണ് വിഷയം. ഇത് വിശദീകരിച്ചു കൊണ്ട് പൊതു സമൂഹത്തില്‍ ചില സുപ്രധാനമായ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ മാത്രം ആണ് പത്രാധിപര്‍ തുനിഞ്ഞത്! .
[എല്ലാവരും ചേര്‍ന്ന് എന്നെ തകര്‍ക്കാന്‍ നോക്കുന്നു എന്ന ഒറ്റ ചിന്തയില്‍ ഒരു വ്യക്തിയുടെ മനസ്സും പ്രവൃത്തികളും വ്യാപരിക്കുന്നതാണ്‌ പാരനോയിയാ എന്ന ഒരു തരം സ്കിസോഫ്രേനിയ രോഗത്തിന്റെ പ്രധാന ലക്ഷണം. തന്റെ ഉള്ളിന്റെ ഉള്ളില്‍ അനുദിനം കുറഞ്ഞു വരുന്ന സ്വയം മതിപ്പിനെ മറച്ചു വെക്കാന്‍, മറ്റുള്ളവരുടെ മേല്‍ കൂടുതല്‍ കൂടുതല്‍ കുറ്റാരോപണങ്ങള്‍ നടത്താന്‍ ഈ രോഗത്തിനു അടിപ്പെട്ട ആള്‍ തുനിയുന്നു. ചുറ്റും ഉള്ള ലോകവുമായി സ്വാഭാവികമായ എല്ലാ ആശയ വിനിമയങ്ങളും പടി പടിയായി ഉപേക്ഷിക്കുന്ന രോഗി, താന്‍ സ്വയം യേശുക്രിസ്തുവോ നന്മയുടെ മറ്റേതെങ്കിലും സാര്‍വ്വത്രിക മാതൃകയോ ആണെന്ന് ചിലപ്പോള്‍ പ്രഖ്യാപിക്കുന്നു. നിരവധി ഭ്രമ കല്‍പ്പനകളുടെ തടവുകാരന്‍ ആയിത്തീരുന്ന പാരനോയിയാക്കിന് പലപ്പോഴും തന്റെ ചെവിയില്‍ ആരോ മന്ത്രിച്ചു കൊണ്ടിരിക്കുന്നതായി തോന്നുകയും, അജ്ഞാത കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന അത്തരം സന്ദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വേണ്ടി അയാള്‍ കാതോര്‍ത്ത് കൊണ്ടിരിക്കുന്നതിനിടയില്‍ ചുറ്റും ഉള്ള യഥാര്‍ത്ഥ ലോകത്തിന്റെ സാന്നിധ്യം തീര്‍ത്തും നഷ്ടമായുകയും ചെയ്യുന്നു...
പാരനോയിയ വ്യക്തിക്കെന്ന പോലെ ആചാരാനുഷ്ടാനങ്ങള്‍ കൊണ്ട് മാത്രം ജീവിക്കുന്ന ചെറുതോ വലുതോ ആയ ആള്‍ക്കൂട്ടങ്ങള്‍ക്കും സംഭവിക്കുമോ?]

Tuesday, May 29, 2012

Monday, May 28, 2012

Posted by Venu K.M
മറിയക്കുട്ടി വധം മുതല്‍ ഒഞ്ചിയം രക്തസാക്ഷ്യം വരെ..
1960 കളില്‍ കേരളത്തെയാകെ ഇളക്കി മറിച്ച മീഡിയാ സെന്‍സേഷന്‍ ആയിരുന്നു മറിയക്കുട്ടി കൊലക്കേസ്സ്. മീഡിയാ എന്ന് പറയാന്‍ അധികമൊന്നും ഇല്ലാതിരുന്ന കാലത്ത് കേരളത്തിലെ ജനങ്ങള്‍ ഈ കൊലപാതകത്തെക്കുറിച്ച് അഭൂതപൂര്‍വമാംവിധത്തില്‍ ചര്‍ച്ചകളില്‍ മുഴുകിയിരുന്നു എന്നാണ് പഴയ തലമുറ ഇന്നും ഓര്‍ക്കുന്നത്.
പെട്ടെന്ന് നമ്മള്‍ തെറ്റിദ്ധരിക്കുന്നതു പോലെ അക്കാലങ്ങളില്‍, കൊലപാതകങ്ങള്‍ കുറവ് ആയിരുന്നത് കൊണ്ടാവണം എന്നില്ല അത് . മറിയക്കുട്ടി കൊലപാതകത്തിലെ പ്രതി ഒരു വികാരിയും കൊല്ലപ്പെട്ടത് ഒരു സ്ത്രീയും ആയിരുന്നു എന്നത് പൊതു ബോധത്തില്‍ അതുണ്ടാക്കിയ മൂല്യപരം ആയ ഉള്ക്കണ്ടയ്ക്ക് തീര്‍ച്ചയായും ഒരു കാരണം ആയിരുന്നു . മലയാളി ജാതി ആണ്‍കോയ്മാ സമൂഹത്തെ സംബന്ധിച്ചിടത്തോളം 'ആണുങ്ങള്‍ക്ക്' ചേര്‍ന്ന സാധാരണ പ്രവൃത്തികളുടെ കൂട്ടത്തില്‍ ആയിരുന്നു അന്ന് കൊല്ലും കൊലയും. സാമൂഹ്യ ജീവിതത്തില്‍ ചില അധീശത്വ മൂല്യങ്ങള്‍ ഉറപ്പിക്കണമെങ്കില്‍ അവ തീര്‍ത്തും ഒഴിവാക്കാന്‍ ആവില്ല എന്ന് പൊതു ബോധം കരുതിയിരിക്കണം .
കുട്ടിക്കാലത്ത് കേട്ടറിവ് ഉണ്ടായിരുന്ന നാടന്‍ കൊലകള്‍ പലതും കേസ്സില്ലതെയോ , ഉണ്ടായാല്‍ തന്നെ തെളിവില്ലാതെയോ തുമ്പില്ലാതെയോ ഒതുക്കപ്പെട്ടതും,
ഗ്രാമങ്ങളിലെ ചെറു സമൂഹങ്ങള്‍ അധീശ മൂല്യങ്ങളോട് പുലര്‍ത്തിപ്പോന്ന വിധേയത്വവും തമ്മില്‍ ഒരു ബന്ധം നില നിന്നത് കൊണ്ടല്ലേ എന്ന് സംശയിക്കാം. .
'നിഷ്കളങ്ക'മായ വ്യവസ്ഥാ വിധേയത്വത്തിന്റെ അപരിഷ്കൃതത്വം ഭാഷാ പ്രയോഗത്തില്‍ പോലും അക്കാലങ്ങളില്‍ ഉണ്ടായിരുന്നു. ഉദാഹരണത്തിന് 'ചത്തു , കൊന്നു, ചവുട്ടിക്കൊന്നു, തല്ലിക്കൊന്നു , കുത്തിക്കൊന്നു ' എന്നൊക്കെ പലപ്പോഴും നിസ്സാര മട്ടില്‍ നാട്ടുകാര്‍ക്ക് പറയാന്‍ കഴിയുമായിരുന്നു!
ഇന്നും ഇത്തരം ഭാഷാ പ്രയോഗങ്ങള്‍ ചില നേതാക്കള്‍ക്ക് അനായാസമായി പൊതു വേദികളില്‍ പോലും ഉപയോഗിക്കാന്‍ കഴിയുന്നുവെങ്കില്‍, അത് മേല്‍പ്പറഞ്ഞ അപരിഷ്കൃതമായ വ്യവസ്ഥാനുകൂലതയും 'ആണത്തവും' ആദര്‍ശമാക്കുന്നതിന്റെ ഫലം ആണോ എന്ന് പരിശോധിക്കണം.
പഴയ കാലത്തില്‍ നിന്ന് വ്യതസ്തമായി കൊലപാതകങ്ങള്‍ ഇന്ന് സാര്‍വത്രികമായി അപലപിക്കപ്പെടുന്നു. ഇന്ന് അവ ഉണ്ടാക്കുന്ന മീഡിയാ സെന്സേഷനിലെ കാതലായ വശം, ഏത് വിഭാഗം മനുഷ്യരുടെയും ജീവിക്കാന്‍ ഉള്ള അവകാശം ഉയര്ത്തിക്കാട്ടുന്നതുമായി ബന്ധപ്പെട്ടാണ്. ഒന്ചിയത്ത് നടന്ന ആസൂത്രിതവും അതി പൈശാചികവും ആയ ഒരു കൊലപാതകത്തിന് ശേഷം സമൂഹ മനസ്സാക്ഷി ഞെട്ടിത്തരിച്ച്‌ ഇരിക്കുമ്പോള്‍, അതിനെസ്സംബന്ധിച്ച അന്വേഷണത്തിന്റെ ഗതിയും മാധ്യമ റിപ്പോര്‍ട്ടിങ്ങും 'കമ്മ്യൂണിസ്റ്റു വിരുദ്ധ ഗുഡാലോചന'യിലെ തിരക്കഥ അനുസരിച്ചാനെന്നും, വെറും യൂഡിഎഫ് -എല്‍ഡിഎഫ്- നെയ്യാറ്റിന്‍കര പ്രശ്നമാണെന്നും ആക്കിത്തീര്‍ക്കാന്‍ പ്രബലരായ ഒരു വിഭാഗം ശ്രമിക്കുന്നത് കേരളത്തിന്റെ സമൂഹ മനസ്സാക്ഷിയോടുള്ള ഒരു തുറന്ന വെല്ലുവിളിയാണ്.
ഉള്ളടക്കത്തില്‍ എല്ലാ അര്‍ത്ഥത്തിലും പുരോഗമനപരവും തികച്ചും ആധുനികവും ആയ ചില ഉള്ക്കന്ടകള്‍ ആണ് ഒഞ്ചിയം കൊലപാതകം അഥവാ ടി പി ചന്ദ്രശേഖരന്റെ അനശ്വരമായ രക്തസാക്ഷിത്വം ഉയര്‍ത്തിയിരിക്കുന്നത് എന്ന സത്യത്തിനു നേരെ ഇനിയും പുറം തിരിഞ്ഞു നില്‍ക്കാന്‍ കേരളത്തിലെ പുരോഗമന പക്ഷത്തിന് ആവില്ല . ഇത്തരം സാമൂഹിക ഉള്‍ക്കണ്ടകളെ തല്ലിക്കെടുത്തെണ്ട ആവശ്യം മറ്റാരേക്കാളും നിയോ ലിബറല്‍ സാമ്പത്തിക അരാജകവാദികള്‍ക്കാണ്. ഏത് രാഷ്ട്രീയ ലേബല്‍ ഉപയോഗിച്ചും അവര്‍ അതിനു ശ്രമിക്കുന്നു . 'ഭീകരതയ്ക്കെതിരായ ആഗോള യുദ്ധം'നടപ്പാക്കല്‍ , 'ഇടതു തീവ്രവാദ' മുദ്ര ചാര്‍ത്തല്‍, എന്നിവ മുതല്‍ 'മാര്‍ക്സിസവും' അരാജകവാദവും ഒന്നാണെന്ന പ്രതീതി സൃഷ്ട്ടിക്കും വിധം നിയമ വാഴ്ചയെ വെല്ലു വിളിക്കലും, പഴയ ജന്മി- മാടമ്പി സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് 'ജനകീയതയുടെ' വ്യാജ മുദ്ര ചാര്‍ത്തി മാമോദീസമുക്കുന്ന രീതികള്‍ വരെ ഇതില്‍ പെടുന്നു.

Sunday, May 6, 2012

Posted by Venu K.M


"കുലം കുത്തികള്‍"?! ..

 എല്ലാവരും അറിയേണ്ട വസ്തുതകള്‍ തുറന്ന് പറയാന്‍ ധൈര്യപ്പെടുന്ന  വ്യക്തികളെയും പ്രസ്ഥാനങ്ങളെയും  പേടിപ്പിച്ചും ഉന്മൂലനം ചെയ്തും അവര്‍ക്കെതിരെ വെറുപ്പ്‌ ആളിക്കത്തിക്കാന്‍ ശ്രമിച്ചും ആളുകളെ നിശബ്ദരാക്കാം എന്ന് ചിന്തിക്കുന്നവര്‍ രക്തസാക്ഷിത്വത്തിന്റെ വില ഇനിയും മനസ്സിലാക്കിയിട്ടില്ലാത്ത്തവര്‍ ആണ്.
സഖാവ് ടി പി രക്തസാക്ഷിത്വത്തിലൂടെ നിശ്ശബ്ദനാവുകയല്ലാ, അദ്ദേഹത്തിന്റെ  ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ ആവുകയാണ് ! 


"കുലം കുത്തികള്‍"?! ..
എവിടെ നിന്ന് കിട്ടി ഈ പ്രയോഗം?
'കുലം' 'സംരക്ഷിക്കുക' എന്ന ആശയത്തിലെ യാധാസ്ഥിതികതയും സ്വത്വ രാഷ്ട്രീയ ധ്വനിയും ശ്രദ്ധിച്ചുവോ?
സ്വത്വ രാഷ്ട്രീയം സത്തയില്‍ എല്ലാ അര്‍ത്ഥത്തിലും മാര്‍ക്സിസ്റ്റു വിരുദ്ധം
ആണ് . എന്നാല്‍ കേരളത്തില്‍, മാര്‍ക്സിസത്തിന്റെ പേരില്‍
പ്രോല്സാഹിപ്പിക്കപ്പെടുന്നത് ഒരു തരം 'കമ്മ്യൂണിസ്റ്റു' സ്വത്വ രാഷ്ട്രീയം
ആണ്. പ്രത്യേകിച്ചും വടക്കന്‍ കേരളത്തില്‍ സി പി ഐ (എം) തങ്ങളുടെ ഇടുങ്ങിയ വൃത്തത്തിനു പുറത്ത് നടക്കുന്ന ഏത് അന്വേഷണത്തെയും ചിന്തയെയും ചൂണ്ടി അവയോട് ഭയം , സംശയം , വെറുപ്പ്‌ എന്നിവയും എല്ലാറ്റിലും ഉപരിയായി അരക്ഷിത ബോധവും സ്വന്തം അനുഭാവികളില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് .
'ഹിന്ദു' വിന്റെ ഏക ആധികാരിക വക്താക്കള്‍ തങ്ങള്‍ ആണെന്ന് ആര്‍ എസ് എസ്സുകാരും , ദളിത്‌ രക്ഷ മായാവതിയെ അനുസരിക്കുന്നതില്‍ മാത്രം എന്ന് ബീ എസ് പി ക്കാരും
"ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ" എന്ന് ജമാ അത്ത് ഇസ്ലാമിയോടു കൂറ് പുലര്‍ത്തുന്ന ഏതാനും സംഘടനകളും  പ്രചരിപ്പിക്കുന്നത് പോലെയുള്ള സ്വത്വ രാഷ്ട്രീയത്തിന്റെ വക ഭേദങ്ങളില്‍ ഒന്നായി ഇടതു രാഷ്ട്രീയം അധപ്പതിക്കാതിരിക്കണം എന്നുണ്ടെങ്കില്‍, നിയോ ലിബറല്‍
രാഷ്ട്രീയ ക്രമത്തെ മാര്‍ക്സിസ്റ്റുകള്‍ക്ക് മാത്രം കഴിയുന്ന വിധത്തില്‍
രാഷ്ട്രീയ സമ്പദ് ശാസ്ത്രപരം ആയി വിശകലനം ചെയ്യാനും അതിനു എതിരായി അരാജകവാദപരം അല്ലാത്ത ബഹുജന പ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാനും കഴിയണം.
ജനങ്ങള്‍ക്കിടയില്‍ ഐക്യത്തിനും പരസ്പര ധാരണയ്ക്കും പകരം വിദ്വേഷം
പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ഏത് പ്രസ്ഥാനവും നീങ്ങുന്നത്‌
പുരോഗമനത്തിന്റെ എതിര്‍ ദിശയിലേക്ക് ആയിരിക്കും എന്ന് പറയാന്‍ രണ്ടു വട്ടം ആലോചിക്കേണ്ടതില്ല!