Popular Posts

Powered By Blogger

Indiae

Indiae: India's search engine

Monday, April 30, 2012

Posted by Venu K.M
ന്യൂ ജെനറേഷന്‍.. അങ്ങിനെ ഒന്നുണ്ടോ?
ന്താണ് 'ന്യൂ ജെന്‍' മലയാള സിനിമ? രണ്ടായിരത്തിഏഴിലോ എട്ടിലോ ആണെന്ന് തോന്നുന്നു ..
'ന്യൂ ജെന്‍ സിനിമ' എന്നൊന്ന് ഉണ്ടോ എന്ന് ശങ്കിച്ചപ്പോള്‍ അതാ വരുന്നു 'നാല് പെണ്ണുങ്ങള്‍'!

ഒരു കാലത്ത് മലയാള സിനിമയുടെ ഭാഷയിലും ശൈലിയിലും നവതരംഗം ഇളക്കിവിട്ട മുന്‍നിര സംവിധായകരില്‍ ഒരാള്‍ ആയ അടൂര്‍ ഗോപാലകൃഷ്ണന്‍ 1972 ഇല്‍ സ്വയംവരം എന്ന ചിത്രത്തിലൂടെ 'നവ തരംഗ സിനിമയ്ക്ക്' മലയാളത്തില്‍ തുടക്കം കുറിച്ച വ്യക്തിയായി ഇന്നും പരിഗണിക്കപ്പെടുന്നു . അവിടുന്നിങ്ങോട്ട് സംവിധായകന്‍ എന്ന നിലയില്‍ പല സിനിമകളിലും അനേക ബഹുമതികള്‍ അദ്ദേഹത്തിനു ലഭിച്ചു . 2007 ഇല്‍ അടൂര്‍ എടുത്ത ചിത്രം , അമ്പതു വര്ഷം മുന്പ് തകഴി രചിച്ച വ്യത്യസ്തങ്ങളായ കഥകളിലെ നാല് സ്ത്രീ പ്രമേയങ്ങളാണ് സ്വതന്ത്ര എപിസോഡുകള്‍ പോലെ കോര്‍ത്തിണക്കി ഒറ്റ സിനിമ ആക്കിയത് . ഈ സിനിമയ്ക്ക് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചു വെന്നത് നേരാണെങ്കിലും, തകഴിയുടെ കഥകളിലെ ഭിന്ന സാമൂഹ്യ പശ്ചാത്തലമുള്ള 'നാല് പെണ്ണുങ്ങളെയും' പൂര്‍ണ്ണമായും പഴയ കഥയിലെ സ്ത്രീകള്‍ ആയിത്തന്നെയും , തകഴിയുടെ നോട്ടത്തിലും ചിത്രീകരിക്കാന്‍ ആയിരുന്നു അടൂരിന് ഇഷ്ടം . പഴയ കഥകള്‍ പ്രമേയം ആക്കിയതുകൊണ്ടു മാത്രം സിനിമ പുതുതല്ലാതാവും എന്ന വാദം ഉന്നയിക്കുകയല്ല.

നേരെ മറിച്ച്, കൂടുതല്‍ കാലികമായ പുതിയ പ്രമേയങ്ങളോ , പഴയവയ്ക്ക് പുതു വ്യാഖ്യാനങ്ങളും പാഠഭേദങ്ങളുമോ കൈകാര്യം ചെയ്യാന്‍ മലയാള സിനിമയിലെ പ്രഗല്‍ഭര്‍ പോലും പൊതുവേ വിമുഖത പുലർത്തുന്നില്ലേ എന്ന് സംശയിക്കുകയായിരുന്നു. ഉദാഹരണത്തിന് സ്ത്രീ പ്രമേയങ്ങള്‍ തന്നെ എടുക്കൂ ; പുതുമ അവകാശപ്പെടുന്ന സ്ത്രീ പ്രമേയങ്ങള്‍ പലതും ഇന്നും പഴയ വാര്‍പ്പ് മാതൃകകളില്‍ തന്നെ ചുറ്റികറങ്ങുന്നവ ആണ് എന്ന് അഭിപ്രായമുണ്ട് .

പുതുതായി, വ്യത്യസ്തമായി എന്തെങ്കിലും.? മലയാള സിനിമയില്‍ പുതുതായി ചില നല്ല പ്രവണതകള്‍ നാമ്പിടുന്നതായി ഇടയ്ക്കൊക്കെ തോന്നാറുണ്ട്.

2006 ഇല്‍ ബോബ്ബി സഞ്ജയ് തിരക്കഥയെഴുതി റോഷന് ആന്ഡ്രൂസ് സംവിധാനം ചെയ്ത നോട്ട് ബുക്ക് അക്കൂട്ടത്തില്‍ പെടുത്താം എന്ന് തോന്നുന്നു. സഹപാഠികള്‍ ഉം സുഹൃത്തുക്കള്‍ ഉം ആയ മൂന്ന് ഹൈസ്കൂള്‍ പെണ്‍കുട്ടികളും അവരുടെ സഹ വിദ്യാര്‍ഥികള്‍ ആയ ഏതാനും ആണ്‍കുട്ടികളും ആണ് ഇതിലെ മുഖ്യ കഥാപാത്രങ്ങള്‍. അച്ചടക്കത്തിന് പേരെടുത്ത അവര്‍ പഠിക്കുന്ന സ്ഥാപനവും കണിശ സ്വഭാവക്കാരനായ അതിന്റെ പ്രിന്‍സിപ്പല്‍ഉം മുതല്‍, കുട്ടികള്‍ അവരുടെ ചെറുതും വലുതും ആയ പ്രതിസന്ധികളെ ക്കുറിച്ച് ഒരിക്കലും തുറന്ന് സംസാരിക്കാന്‍ ധൈര്യപ്പെടാത്ത വിധം അനുസരണത്തിന്റെയും ഭയത്തിന്റെയും കുടുസ്സായ ഇട നാഴികളിലൂടെ അവരെ നയിക്കുന്ന രക്ഷിതാക്കളും, നിയമ പാലന സംവിധാനങ്ങളും വരെ ഇതില്‍ വിചാരണ ചെയ്യപ്പെടുന്നുണ്ട് . മാതൃകാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആയി പൊതു ബോധത്തില്‍ അംഗീകാരം നേടുന്ന പലതിലെയും അധ്യാപകരില്‍ തഴയ്ക്കുന്ന വര്‍ഗ്ഗീയതയും മുന്‍വിധികളും ആരാലും ചോദ്യം ചെയ്യപ്പെടാത്തത് നിമിത്തം മിടുക്കന്മാരായ വിദ്യാര്‍ഥികള്‍ക്കുപോലും ആത്മാഭിമാനം രക്ഷിക്കുക എന്നത് ഒരു കടുത്ത വെല്ലുവിളിയാകുന്നതിന്റെ ചിത്രം നോട്ട് ബുക്ക്‌ വരച്ചുകാട്ടുന്നുണ്ട് . മേല്‍ സൂചിപ്പിച്ച തരം സാമൂഹ്യ ആകാംക്ഷ കളെ ആവിഷ്കരിക്കുന്ന പുതിയ പ്രമേയങ്ങള്‍ തീര്‍ച്ചയായും സിനിമാ പ്രമേയങ്ങളുടെ വാര്‍പ്പ് മാതൃകകളില്‍ നിന്നും വ്യതിചലിച്ച് ഉറച്ചതും ധീരവും ആയ കാല്‍ വെപ്പുകളുടെ സാധ്യതയാണ് തേടുന്നത് .

2011 ഇല്‍ ഇറങ്ങിയ മേല്‍വിലാസം മാധവ് രാംദാസ് എന്ന യുവ സംവിധായകന്‍ നടത്തുന്ന ധീരമായ മറ്റൊരു സിനിമാ പരീക്ഷണം ആണ് . 1970 കളില്‍ ഇന്ത്യന്‍ സേനാ വിഭാഗത്തില്‍ നടന്ന ഒരു കോര്‍ട്ട് മാര്‍ഷല്‍ കഥയെ ആധാരമാക്കി എഴുതപ്പെട്ട ഹിന്ദി നാടകത്തിന്റെ സ്ക്രിപ്റ്റ് സൂര്യാ കൃഷ്ണ മൂര്‍ത്തി മലയാളത്തില്‍ പുനരാഖ്യാനം ചെയ്ത് ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് രംഗത്ത് അവതരിപ്പിച്ചിരുന്നു . എന്നാല്‍, മല യാള സിനിമയുടെ ചവിട്ടിത്തേഞ്ഞ ചാലുകളില്‍ ഒട്ടുമേ സുലഭമല്ലാത്ത ഒരു പുതിയ തരം രാഷ്ട്രീയ സംവേദന നിലവാരത്തിനായുള്ള പ്രയത്നത്തില്‍ സംവിധായകന്‍ എന്ന നിലയില്‍ തന്റെ പങ്കു വഹിക്കാനുള്ള സന്നദ്ധതയാണ് മാധവ് രാംദാസ് മേല്‍വിലാസം എന്ന സിനിമയിലൂടെ പ്രഖ്യാപിക്കുന്നത് . പാര്‍ഥിപന്‍ , തലൈവാസല്‍ വിജയന്‍, സുരേഷ് ഗോപി തുടങ്ങിയ പ്രഗല്‍ഭരുടെ അഭിനയ സാധ്യതകള്‍ ഉപയോഗിക്കുന്ന സംഭാഷണ പ്രധാനമായതും , ഒരൊറ്റ കോര്‍ട്ട് മാര്‍ഷല്‍ രംഗത്തില്‍ പ്രേക്ഷകരെ രണ്ടു മണിക്കൂര്‍ സമയം പിടിച്ചിരുത്തുന്നതും ആയ ഒരു മികച്ച രാഷ്ട്രീയ സിനിമ ഉണ്ടെന്ന കണ്ടെത്തലിലേക്ക്‌ സംവിധായകന്‍ എത്തുന്നത് മുഖ്യധാരാ സിനിമയിലും സമൂഹത്തിലും ഒരു പ്രശ്നം എന്ന നിലയില്‍ പലപ്പോഴും നിസ്സാരവല്‍ക്കരിക്കപ്പെടുന്ന ജാതീയത മറു വശത്ത് ശക്തര്‍ എപ്പോഴും ഒരു ചവിട്ടുപടിയായി ഉപയോഗിക്കുന്നു എന്നതാവാം.
'22 ഫീമെയിൽ കോട്ടയം'

ഈ ചിത്രം കാണാന്‍ ഉള്ള മുഖ്യ പ്രചോദനം, ഫേസ് ബുക്ക് ഗ്രൂപ്പുകളിലും സോഷ്യൽ നെറ്റ് വർക്കുകളിലും ഇയ്യിടെ നടക്കുന്ന ചര്ച്ചകള്‍ ആയിരുന്നു .ചർച്ച ചെയ്യാന്‍ മാത്രമെങ്കിലും 'വ്യത്യസ്തം' ആയിരിക്കാം ഈ സിനിമ എന്ന് ആ സംവാദങ്ങള്‍ തോന്നിപ്പിച്ചു.
സിനിമ കണ്ട് ഇറങ്ങിയ ശേഷവും , വാസ്തവത്തില്‍ അത് അങ്ങനെ തന്നെ ആണെന്ന് തോന്നി .
എന്നാല്‍ , വ്യത്യാസം ഏത് തരത്തില്‍ ?

ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍, നല്ല ചില ചോദ്യങ്ങൾക്ക് അടിവരയിടാന്‍ ഒരു പക്ഷെ ഈ സിനിമ ശ്രമിക്കുമ്പോള്‍ , ദൈവ സ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്ന പുരാതന യുക്തിയില്‍ മരമണ്ടന്‍ ഉത്തരങ്ങള്‍ അറിഞ്ഞുകൊണ്ട് തന്നെ എഴുതിപ്പിടിപ്പിക്കുന്നു . ഉറങ്ങുന്നവരെയും ഉറക്കം നടിക്കുന്നവരെയും ഒരു പോലെ സുഖിപ്പിക്കുന്നു . വീട്ടിലും തൊഴില് സ്ഥലത്തും സമൂഹത്തിലും ഒരുപോലെ രണ്ടാം കിടയായി കരുതപ്പെടുന്ന സ്ത്രീകള്‍ ഉള്പ്പെടെ എല്ലാ ദുര്ബ്ബലരും, അവരെപ്പോലെ മര്‍ദ്ദിതര്‍ ആയ മറ്റുളളവരുമായി ആശയ വിനിമയങ്ങള്‍ നടത്തിയും, അനീതികള്‍ക്കെതിരായ സമരങ്ങളില്‍ ഒരുമിച്ചുനിന്നും പരസ്പരം കരുത്ത് പകര്‍ന്നു നല്‍കിയും വികസിക്കാന്‍ സാധ്യതയുള്ള സ്വാഭാവികമായ രാഷ്ട്രീയം സിനിമയില്‍ ഒഴിവാക്കേണ്ട പോലെ ഒഴിവാക്കി . മാത്രമല്ല , പണത്തിന്റെ ആധിപത്യത്തില്‍ നിന്ന് വരുന്നതുൾപ്പെടെയുള്ള 'പൌരുഷത്തിന്റെ' തിന്മകളെ നേരിടുന്നതിന് ഉചിതമായ മാര്ഗ്ഗം കൂടുതല്‍ അപരിഷ്കൃതവും അരാജകവും ആയ വ്യക്തിഗത പ്രതികാരത്തിന് വേണ്ടി പണത്തെയും അധോലോകത്തെയും കൂട്ട് പിടിക്കല്‍ ആണ് എന്ന സൂചനയും സിനിമ നല്കുന്നു . പോരെങ്കില്‍, നന്മയ്ക്ക് പാരിതോഷികം നകുന്നവനായ ,എല്ലാത്തിനും സാക്ഷിയായ ദൈവത്തെയും മുടങ്ങാത്ത പ്രാര്ഥനകളെയും പശ്ചാത്തലത്തില്‍ ഒരുക്കിനിര്ത്തിയിട്ടുമുണ്ട് .

തനിക്ക് ഒരിക്കലും സ്നേഹം തോന്നിയിട്ടില്ലാത്ത പണക്കാരനും പ്രതാപിയുമായ ഒരു പരിചയക്കാരനാല്‍ ബലാല്സംഗം ചെയ്യപ്പെട്ടത് ഒരു പട്ടി കടിച്ചത് പോലെയുള്ള അനുഭവം മാത്രം ആയിരുന്നെന്നും, എന്നാല്‍ എന്തുകൊണ്ടോ താന്‍ സ്നേഹിച്ചുപോയ പുരുഷന്‍ പണത്തിനു വേണ്ടി ഇതിനു കൂട്ട് നിന്നതും ചതിയില്‍ ഒരു മയക്കുമരുന്ന് കേസ്സില്‍ കുടുക്കി തന്നെ ജെയിലില്‍ എത്തിച്ചതും ഒരിക്കലും പൊറുക്കാന്‍ ആവില്ലെന്നും ഈ സിനിമയിലെ മുഖ്യ കഥാപാത്രം പറയുന്നു.

കൂടക്കൂടെ കുരിശു വരച്ചു പ്രാർത്ഥിക്കുന്ന കോട്ടയത്തുകാരി ആയ ടെസ്സി എന്ന സ്നേഹ സമ്പന്നയായ യുവതിക്ക് സിനിമയുടെ ആദ്യ പകുതിയില്‍ ഇല്ലാതിരുന്ന അധോലോക ബന്ധം ലഭിക്ക്ന്നത് ബാംഗ്ലൂരിലെ ജയിലില്‍ വെച്ച് ആണ് ; പണം ഉണ്ടാക്കാന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു ക്രിമിനലും തട്ടിപ്പുകാരനും ആണ് താന്‍ സ്നേഹിച്ചിരുന്ന വ്യക്തി എന്ന് ടെസ്സിക്കു പൂര്ണ്ണ ബോധ്യം ആവുന്നത് സുബൈദ എന്ന പേര് ഉള്ള (ഇരുണ്ട നിറക്കാരിയായ) ഒരു തമിഴ് നാട്ടുകാരി യില്‍ നിന്നാണ്. സ്വയം പീഡനത്തിന്റെ ഇരയായി ജെയിലില്‍ എത്തിയ സുബൈദയ്ക്ക് അധോലോകത്തുള്ള വാടകക്കൊലയാളികളെയും ക്രിമിനലുകളെയും നല്ലപോലെ അറിയാം! സുബൈദയുടെ ലോജിസ്ടിക് സപ്പോർട്ടോടെ സംഘടിപ്പിച്ച വാടക ക്രിമിനലുകളുടെ സഹായത്തോടെ തന്നെ ബലാല്സംഗം ചെയ്തയാളെ സർപ്പത്തെക്കൊണ്ട് കൊത്തിച്ചു കൊലപ്പെടുത്തിയും, പ്രേമ നാടകത്തിലൂടെ ചതിച്ച പുരുഷന്റെ ലിംഗം പ്രേമം അഭിനയിച്ചു തന്നെ മുറിച്ചു നീക്കിയും തീർത്തും അപരിഷ്കൃതമായ വിധത്തില്‍ പക വീട്ടുന്നു! ഇതോടൊപ്പം, ടെസ്സിയുടെ 'നന്മ'യ്ക്കുള്ള പ്രതിഫലം (അതോ മുടങ്ങാത്ത കുരിശു വരയ്ക്കുള്ള സമ്മാനമോ.)ആയി ദൈവം നിശ്ചയിച്ചത് പോലെ, കുറേ പണത്തിനും സ്വത്തിനും അവള്‍ യാദൃശ്ചികമായി അവകാശിയായിത്തീരുന്നു. അത്രയും കൊണ്ടും തീര്ന്നില്ലാ , വരുമാനം കുറഞ്ഞതും അധ്വാന ഭാരം ഏറിയതും ആയ നാട്ടിലെ നഴ്സിംഗ് ജോലിയുടെ സ്ഥാനത്ത് കാനഡയില്‍ മെച്ചപ്പെട്ട തൊഴില്‍ എന്ന അവളുടെ സ്വപ്നം പൂവണിയുക കൂടി ചെയ്യുന്നു!

സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് പരിഹാര ങ്ങള്‍ എത്ര ലളിതം! 'പഴം തലമുറ' സിനിമയില്‍ ഇത്രയും 'ഈസി' ആയി പ്രശ്നങ്ങള്‍ പരിഹരിച്ചു കൊടുക്കുന്നത് കണ്ടിട്ടില്ല !

സിനിമ ശരിക്കും സ്ത്രീ പക്ഷമാണോ, അതോ അത് വെറും സ്ത്രീ കേന്ദ്രിത പ്രമേയം മാത്രം ആസ്പദം ആക്കി യുള്ളതാണോ എന്ന തര്ക്കത്തിനിട യില്‍ 'ആന്ഗ്ലോഫിലിയ' , 'പോസ്റ്റ് കൊളോണിയല് reading 'എന്നിങ്ങനെ ഒഴുക്കന്‍ മട്ടില്‍ കുറ്റാരോപണങ്ങള്‍ രാഷ്ട്രീയത്തെ തൊട്ടും തൊടാതെയും മുന്നോട്ട് നീങ്ങുമ്പോള്‍ മുകളില്‍ സൂചിപ്പിച്ച തരം ചോദ്യങ്ങള്‍ സ്വാഭാവികം ആണ്.

'പുതു തലമുറ സിനിമ 'എന്ന് സാമാന്യമായി പേരിട്ടു വിളിക്കാവുന്ന അത്ര വിശേഷപ്പെട്ടതും എടുത്തു പറയാവുന്നതും ആയ ഒരു ട്രെന്‍ഡ് മലയാളത്തില്‍ വന്നിട്ടുണ്ടോ ?

(ഉദാഹരണത്തിന് , സ്ത്രീ പക്ഷ പ്രമേയ സിനിമകളിലും അവയെക്കുറിച്ചുള്ള സംവാദങ്ങളിലും സ്ത്രീകളുടെ പദവിയെ നിര്‍ണ്ണയിക്കുന്ന സുപ്രധാന മായ ജീവല്‍ പ്രശ്നങ്ങള്‍ പലതും ഒഴിവാക്കപ്പെടുന്നില്ലേ ? പാശ്ചാത്യ ആധുനികത യുടെ രംഗ പ്രവേശത്തിന്നു മുന്പ് നിലനിന്ന കൊളോണിയല്‍ പൂര്‍വ്വ സാമൂഹ്യ ഘടനകലുമായി ആധുനികത, ആണ്കൊയ്മ , മൂലധനം എന്നിവയോരോന്നിനും ഉള്ള പ്രതിപ്രവര്ത്തനങ്ങളുടെ സങ്കീര്‍ണ്ണതകള്‍ മറച്ചു വെക്കുകയാണ് സ്ത്രീപക്ഷ മെന്ന് വ്യവഹരിക്കപ്പെടുന്ന സിനിമയുടെ പുതു പ്രമേയങ്ങളും ചര്‍ച്ചകളും അധികവും ചെയ്യുന്നത് )

No comments:

Post a Comment

Search This Blog

Labels

  • 08
  • 08
  • 08

Blog Archive